ഗ്രാമങ്ങളില്‍ ഇരു മുന്നണികളും  പ്രചാരണത്തിന്‍െറ മുറുക്കത്തില്‍

അരീക്കോട്: ത്രിതല പഞ്ചായത്തുകളുടെ ഭരണ സമിതി തെരഞ്ഞെടുപ്പിന്‍െറ പ്രചാരണം ഉച്ചസ്ഥായിയിലേക്ക് നീങ്ങി. അരീക്കോട് പ്രധാന അങ്ങാടി കേന്ദ്രീകരിച്ചും ഗ്രാമ വാര്‍ഡുകളിലുമാണ് പ്രചാരണ കോലാഹലങ്ങള്‍ക്ക് വേഗത വര്‍ധിച്ചത്. ഇരു മുന്നണികളും പരസ്പരം കുറ്റപ്പെടുത്തിയും പരിഹസിച്ചും ഭരണ നേട്ടങ്ങളും കോട്ടങ്ങളും എടുത്തുപറഞ്ഞും പാരഡി ഗാനങ്ങളിലൂടെ കേള്‍പ്പിച്ചുമാണ് പ്രചാരണം കൊഴുപ്പിക്കുന്നത്. അതിനിടെ തെരഞ്ഞെടുപ്പ് നിയമങ്ങള്‍ കാറ്റില്‍ പറക്കുന്നു. ബൈക്കിന്‍െറ സൈലന്‍സര്‍ ഊരിമാറ്റി കര്‍ണ കഠോര ശബ്ദമുയര്‍ത്തി ‘വിലയേറിയ വോട്ടര്‍മാരെ’ ശല്യപ്പെടുത്തുന്ന കാഴ്ചകളും പതിവ്. മാപ്പിളപ്പാട്ടിന്‍െറയും പഴയ ചലച്ചിത്ര ഗാനങ്ങളുടെയും ഈണത്തിലുള്ള പാട്ടുകള്‍ സ്വരമാധുരികൊണ്ടും വ്യക്തതകൊണ്ടും വോട്ടര്‍മാര്‍ ആസ്വദിക്കുന്നത് കാണാം. ‘ഇക്കുറി ലീഗിനെ പഞ്ചായത്തില് കേറ്റൂല’... എന്ന പാട്ടിന് മറുപടിയായി അതേയീണത്തില്‍ ‘പഞ്ചായത്തിലെ സീറ്റുകള്‍ക്ക് പനിക്കേണ്ടാ’... എന്നുള്ള മറുപടിയും ജനം കേട്ടും മൂളിയും രസിക്കുന്നു.
ഗ്രാമ പാതകളില്‍ രാത്രിയില്‍ യുവാക്കളും കുട്ടികളുമടങ്ങുന്ന സംഘങ്ങള്‍ അലങ്കാര വിളക്കുകള്‍ മിന്നുന്ന പ്രചാരണ വാഹനങ്ങളില്‍ ആടിയും പാടിയും പ്രചാരണോല്ലാസത്തിലാണ്. ഇരു മുന്നണികളും റോഡ്ഷോയും നടത്തുന്നുണ്ട്. മുഴുവന്‍ സ്ഥാനാര്‍ഥികളെയും ആനയിച്ച് നടത്തുന്ന റോഡ്ഷോ കാണാന്‍ പാതയോരങ്ങളില്‍ വോട്ടര്‍മാര്‍ കൂടുന്നുണ്ട്. ചൊവ്വാഴ്ച വൈകീട്ടോടെ ശബ്ദ പ്രചാരണങ്ങള്‍ക്ക് തിരശ്ശീല വീഴും. തുടര്‍ന്നുള്ള ദിവസം നിശബ്ദ പ്രചാരണങ്ങളില്‍ പ്രവര്‍ത്തകര്‍ മുഴുകും.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.